Wednesday, 4 May 2011

എന്‍റെ ചരമക്കുറിപ്പ്...

ഞാന്‍ അന്തരിച്ചു...
അനുശ്ശോചനങ്ങളും ആദരാഞ്ജലികളും
അര്‍പ്പിക്കുന്നവര്‍ക്ക്‌ സ്വാഗതം...
റീത്തുകളും മുതലക്കണ്ണീരും
ആയി വരുന്നവരും വേഗം വന്നുകൊള്‍ക...
നിങ്ങളുടെ അഭിനയകര്‍മ്മം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍
ഉടനെ തിരിച്ചു പോകുകയും ചെയ്ക...

ഇനി അതൊന്നുമല്ല,,
ഈ മൃദദേഹത്തിന് വേണ്ടി
അവകാശ വാദങ്ങളും ഉന്നയിച്ച്
കടിപിടി കൂടാനാണ് ഭാവമെങ്കില്‍,,
ആദ്യമേ പറഞ്ഞുകൊള്ളട്ടെ,,
പ്രിയസുഹൃത്തെ,,
ഇതിനു അവകാശികളായി ആരുമില്ല...
ആരും...

ഒരു അഭ്യര്‍ത്ഥന കൂടി,,
എന്‍റെ മൃതദേഹം ഏതെങ്കിലും കാട്ടില്‍
ഉപേക്ഷിക്കാമോ???
എങ്കില്‍ അത്രയും നന്ദി...
ചീഞ്ഞളിഞ്ഞു പോകട്ടെ...
അല്ലെങ്കില്‍ വിശപ്പിനാല്‍ വലയുന്ന
ഏതെങ്കിലും ജീവികളുടെ വിശപ്പെങ്കിലും മാറട്ടെ...
താല്‍ക്കാലികമായെങ്കിലും....
ഒരു നേരത്തെ വിശപ്പടക്കാന്‍ ഹേതുവായ
എന്‍റെ ചേതനയറ്റ ശരീരത്തെ
അവര്‍ ഒരിക്കലെങ്കിലും നന്ദിയോടെ സ്മരിക്കും...
മനുഷ്യരേക്കാള്‍ എത്രയോ നന്ദിയോടെ...

നിസ്സഹായത

                           


അതിക്രൂരമായ ഭാവത്തോടെ കഴുകന്മാര്‍ എന്‍റെ ശരീരം കൊത്തിപ്പറിക്കുന്നു.. 
എന്‍റെ ശരീരമാകെ അവ മുറിവേല്‍പ്പിക്കുന്നു..
എന്‍റെ സ്നേഹിതര്‍ തന്നെയാണ് കഴുകന്മാരുടെ ഭീകര രൂപം
അണിഞ്ഞിരിക്കുന്നത് എന്ന സത്യം മനസ്സിലാക്കുമ്പോഴും,, അവര്‍ എനിക്കേല്‍പ്പിക്കുന്ന വേദനകളെ ഞാന്‍ ആസ്വദിക്കുന്നു... 
ഒരുപക്ഷെ എന്നെത്തന്നെ വെറുത്തുകൊണ്ട്...
മനസ്സിനേല്‍ക്കുന്ന വേദനകളെ പോലും 
അടക്കിപ്പിടിച്ചുകൊണ്ട് ആ ഭീകരതയുടെ പോലും സൗന്ദര്യത്തെ 
അഭിനന്ദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി തീരുന്നു...
തികച്ചും നിസ്സഹായനായി....

Wednesday, 6 April 2011

നിങ്ങള്‍ക്ക് വട്ടുണ്ടോ???


നിങ്ങള്‍ക്ക് വട്ടുണ്ടോ???
നല്ലൊരു ചോദ്യം അല്ലെ??

ഇല്ല... പക്ഷെ,,,
എന്താ ഹേ ഈ വട്ടുകൊണ്ട് ഉദ്ദേശിച്ചത്??

ശ്ശെ... അതും അറിയില്ലേ??

സാധാരണയില്‍ നിന്നും വ്യത്യസ്തമായുള്ള
ചിന്തകളും പെരുമാറ്റ രീതികളും...

ഏതെങ്കിലും പ്രത്യേക വിഷയങ്ങളില്‍
ലഹരി ഏറ്റു വാങ്ങുന്ന സ്വഭാവം,,
സ്ഥായിയായ മൂകത..
സ്വന്തമല്ലാത്ത വിഷാദവും ആഹ്ലാദവും..
ഇതുപോലുള്ള ചില അമിതമായ വികാര പ്രകടനങ്ങള്‍...

ഇതെല്ലാം വട്ടിന്‍റെ ലക്ഷണങ്ങള്‍ ആണ് കൂട്ടുകാരാ...

ഓഹ്... ഒരു നിമിഷം...
ഇതെല്ലാം ആണ് വട്ടെങ്കില്‍,,
ശരിയാണ് ഹേ...
ഞാനും ഒരു വട്ടനാണ്...
ഒരു മനുഷ്യനായി പിറന്നതുകൊണ്ട് മാത്രം...

പക്ഷെ,, എനിക്കും വട്ടുണ്ടെന്ന്,,
പ്രിയ സുഹൃത്തേ,,
നിങ്ങള്‍ ആരോടും പറയരുത്...
കാരണം,, വട്ടുള്ളവനെ ഈ നശിച്ച
സമൂഹം അംഗീകരിക്കില്ലല്ലോ...

എന്‍റെ വട്ടുകള്‍ എന്‍റെത് മാത്രമായി
ഒതുങ്ങി കൂടട്ടെ...
മറ്റാരും അറിയാതെ...

എനിക്ക് താങ്കളില്‍ നിന്നും
രക്ഷപ്പെട്ടെ മതിയാകൂ...

പ്രിയ സുഹൃത്തേ...
വിട..
ഒരു ചെറു പുഞ്ചിരിയോടെ....

എന്തൂട്ടാ ഈ മരണം???


ഒന്ന് മരിച്ചാലോ???
വല്യൊരു ആഗ്രഹം ആണ്...
മറ്റൊന്നിനും അല്ല,,
മരണം എന്താണെന്ന് ഒന്നറിയണം...

ജീവിതത്തിന്‍റെ climax
ആണെന്ന് മാത്രമേ അറിയൂ...
ഒരു കയറിന്‍റെ കഷ്ണവും പിടിച്ച്
പോത്തിന്‍റെ പുറത്തു കയറിക്കൊണ്ട്
നമ്മുടെ കാലന്‍ വരുന്ന ആ രംഗം ഒന്ന് കാണാന്‍ വേണ്ടിയാണ്...

ഇനിയിപ്പോ പോത്തൊക്കെ out of fashion
ആയെന്നും പറഞ്ഞു പുള്ളി പുതിയ യുണികോണ്‍
ബൈക്ക് അങ്ങാനും വാങ്ങിയിട്ടുണ്ടെങ്കിലോ..!!!

മരിക്കുമ്പോ ഉണ്ടാകുന്ന തോന്നലുകള്‍
എന്തൊക്കെ ആണെന്നും ഒന്നറിയണം...
ബന്ധങ്ങള്‍ മരിക്കുന്ന ഈ കാലഘട്ടത്തില്‍
ഇനിയിപ്പോ ബാങ്ക് ബാലന്‍സിനെ കുറിച്ചാകുമോ ചിന്ത???
അതോ സ്നേഹിതരെ കുറിച്ചോ??

ആ.... ആര്‍ക്കറിയാം...
മരിക്കുമ്പോഴല്ലേ അതൊക്കെ അറിയൂ...
എന്നാല്‍ മരിച്ചു നോക്കാം അല്ലെ???

ശ്ശെ,, എന്തോ,, ആകെ ഒരു പേടി...
ഞാന്‍ മരിച്ചാല്‍,,
വേണ്ടാ... അത് ശരിയാവില്ലാ...
മരിക്കുന്നത് വരെ അങ്ങു ജീവിച്ചേക്കാം...
അതാ നല്ലത്...

അപ്പൊ,,
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
ഇങ്ങനെയാകാം അല്ലെ??

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെ വില
കുത്തനെ ഉയര്‍ത്തുന്നത് കൊണ്ട്
എന്തായാലും കാലന്‍ ബൈക്ക് വാങ്ങിക്കാണില്ല...
പുള്ളിക്കും പെട്രോള്‍ കാശ് മുതലാകണ്ടേ....

ഇനിയിപ്പോ തോന്നലുകളെ കുറിച്ച്...
ഹും... എന്തെങ്കിലുമൊക്കെ തോന്നിക്കോട്ടേ ഗെഡീ...
ചാവാന്‍ കെടക്കുമ്പോ തോന്നണേനെ പറ്റീട്ട്
ഇപ്പൊ അറിഞ്ഞിട്ടും എന്തൂട്ട് കിട്ടാനാ???


അതുകൊണ്ട്,, ഇപ്പൊ മര്യാദക്കങ്ങ്ട് ജീവിക്ക്യാ...
എന്തേ???

Friday, 25 March 2011

വര്‍ണ്ണങ്ങള്‍


അനുജത്തിയുടെ ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങി വരുമ്പോഴാണ് എന്‍റെ മുന്നില്‍ ഇരുന്നിരുന്ന ആ കുടുംബത്തെ ഞാന്‍ ശ്രദ്ധിച്ചത്..അച്ഛനും അമ്മയും ഒരു കൊച്ചു പയ്യന്‍സും.. അവന്‍ ആളൊരു കുറുമ്പനാണ്.. അച്ഛന്‍റെയും അമ്മയുടെയും മടിയില്‍ മാറിമാറി ഇരിക്കുന്നതിനായി വാശി പിടിച്ചുകൊണ്ടെയിരിക്കുന്നു... എന്‍റെ കുട്ടിക്കാലത്ത്‌ വീട്ടിലെ ഒരു പഴയ ടേപ്പ് റെക്കോര്‍ഡറില്‍ സ്ഥിരമായി കേള്‍പ്പിച്ചിരുന്ന എണ്‍പതുകളിലെ ചില നല്ല ഗാനങ്ങളും ഈ ദൃശ്യത്തിനു അകമ്പടിയായി എത്തിയതുകൊണ്ടാകാം,, ഞാന്‍ പെട്ടെന്ന് ആ ബാല്യത്തിലേക്ക് മനസ്സിനെ കൊണ്ടുപോയത്‌..
ബന്ധുക്കള്‍ക്കിടയില്‍ വളരെ പ്രസിദ്ധമായ എന്‍റെ ചില കുറുമ്പുകളെയും, ഇത്തരം യാത്രകളെയും എല്ലാം അപ്പോള്‍ ഓര്‍ത്തു... പലതും കൃത്യമായ ഓര്‍മ്മകള്‍ അല്ല.. പറഞ്ഞുകേട്ട പല കഥകളെയും ദൃശ്യവല്‍ക്കരിച്ചാണ് അവയെ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നത്.. ഉറങ്ങിക്കിടന്നിരുന്ന എന്‍റെ ഒരു അമ്മാവനെ ചുറ്റിക കൊണ്ട് തലക്കടിക്കാന്‍ പോയതും,, ഒരു സഞ്ചിയും കയ്യിലെടുത്ത് സങ്കല്‍പ ലോകത്തുള്ള എന്‍റെ കൂട്ടുകാരെയും വിളിച്ചുകൊണ്ട്  വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതും എല്ലാം അവയില്‍ ഉള്‍പ്പെടും... ഓര്‍ക്കുമ്പോള്‍ നല്ലൊരു ചിരിക്ക് വകുപ്പുള്ളവയാണ് പലതും...

ബസിലെ സംഗീതത്തില്‍ മുഴുകിക്കൊണ്ട്,, ഓര്‍മകളിലേക്ക് ആഴ്ന്നിറങ്ങുന്നതിനു ഇടയിലാണ് ഉറക്കെയുള്ള അവന്‍റെ കരച്ചില്‍... അവന്‍റെ അച്ഛനും അമ്മയും എത്ര ശ്രമിച്ചിട്ടും "നോ രക്ഷ"... ബസില്‍ ഉള്ളവര്‍ക്കെല്ലാം ഈ കരച്ചില്‍ വളരെ അസഹ്യമായി തോന്നുന്നുണ്ട്.. എല്ലാവരും അവനെത്തന്നെ നോക്കുന്നു.. ആ സമയത്താണ് ബസിനെ ഓവര്‍ ടേക്ക് ചെയ്ത് കാവടികള്‍ കയറ്റിയ ഒരു ടെമ്പോ കടന്നു പോയത്‌.. വര്‍ണാഭമായ ആ കാവടികളെ എനിക്ക് കളിക്കാന്‍ വാങ്ങിതരുമോ എന്ന് അച്ഛനോട് ചോദിക്കുന്നത് പോലെ കരച്ചില്‍ നിര്‍ത്തിക്കൊണ്ട് കുറച്ചു നേരം അവന്‍ എഴുന്നേറ്റു നിന്നു.. നല്ലൊരു ഫോട്ടോക്ക് പോസ് ചെയ്യുന്നത് പോലെ,, അകന്നു പോകുന്ന ആ കാവടികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് തന്‍റേതായ ഭാഷയില്‍ അവന്‍ എന്തൊക്കെയോ പറഞ്ഞു..
അതൊരുപക്ഷേ വര്‍ണങ്ങളെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ആകാം.. ആ കാവടികള്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍,, ഒരു നിമിഷം നിശബ്ദത... ചിന്താനിമഗ്നനായി ഒരു നിമിഷം... പിന്നീട് വീണ്ടും കരച്ചില്‍...
മുന്‍പത്തേക്കാള്‍ ഉച്ചത്തില്‍...
ഭാവിയിലേക്കുള്ള പരിശീലനം എന്നതുപോലെ,, നഷ്ടപ്പെടുന്ന വര്‍ണ്ണങ്ങളെ ഓര്‍ത്തുകൊണ്ടുള്ള സങ്കടപ്പെടല്‍....

Wednesday, 23 March 2011

ചുവലന്‍


                    

ചുവലന്‍ എന്ന വാക്കിന് അഗ്നി എന്നര്‍ത്ഥം...
ജ്വലിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള ജ്വലനന്‍ എന്ന വാക്കിന് സാധാരണക്കാരന്‍ നല്‍കിയ ഉച്ചാരണം ആകാം...
എന്തുകൊണ്ടോ,, എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ് അഗ്നി...
ഭ്രാന്തമായ ആവേശവും അച്ചടക്കമില്ലായ്മയും കൈമുതലാക്കിയ അഗ്നി...
ഞാന്‍ അഗ്നിയെ സ്നേഹിക്കുന്നത് പോലെ അഗ്നി എന്നെയും സ്നേഹിക്കുന്നുണ്ടാകാം..
ഞാന്‍ അഗ്നിയെ സ്നേഹിക്കുമ്പോള്‍,, ഒരുപക്ഷെ അത് എന്നോട് പറയുന്നത് "നീയും ഒരിക്കല്‍ എന്നിലേക്ക്" എന്നാകാം...
അഗ്നിയുടെ നേരിയ ശബ്ദത്തില്‍ ഉള്ള കോലാഹലങ്ങള്‍ ആഹ്ലാദ തിമിര്‍പ്പോടു കൂടിയ അതിന്‍റെ ആര്‍ത്തനാദങ്ങളാകാം...
എന്നെങ്കിലുമൊരിക്കല്‍ നമ്മള്‍ ഒന്നാകും എന്ന പ്രപഞ്ച സത്യത്തിന്‍റെ വെളിച്ചത്തിലുള്ള ആഹ്ലാദാരവങ്ങള്‍....
യഥാര്‍ത്ഥ സ്നേഹത്തിന്‍റെ പ്രതീകമായി....                                                                                               ചുവലന്‍...