Wednesday 11 April 2012

വാര്‍ദ്ധക്ക്യത്തെ വെല്ലുവിളിക്കുന്നവര്‍


ഒരു ചെറിയ ഷോപ്പിങ്ങിന് ശേഷം അല്‍-ഖര്‍ജ്ജില്‍ നിന്നും  താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനായി ടാക്സി അന്വേഷിച്ചുള്ള നടത്തമായിരുന്നു ഞാനും സുഹൃത്ത്‌ ഗോവിന്ദ് പിന്നെ തനി മലബാറുകാരനായ മുസ്തഫയും.  അല്പമെങ്കിലും അറബി അറിയാവുന്നത് മുസ്തഫക്ക് മാത്രമാണ്. ടാക്സി സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍, വളരെ പ്രായമായ, ഏന്തിവലിഞ്ഞു മാത്രം നടക്കാന്‍ കഴിയുന്ന ഒരു വൃദ്ധന്‍ ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു.. അറബിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. മുസ്തഫ മറുപടിയും പറയുന്നു. സംസാരിക്കുമ്പോള്‍ വാക്കുകളേക്കാള്‍ കൂടുതല്‍ പ്രാധാന്യം അറബികള്‍ ഭാവ പ്രകടനങ്ങള്‍ക്ക്‌ നല്‍കാറുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. (എനിക്ക് അറബി അറിയാത്തത്‌ കൊണ്ടാകാം.) അദ്ദേഹത്തിന്‍റെ ഭാവങ്ങളില്‍ നിന്നും അദ്ദേഹം ഒരു ടാക്സി ഡ്രൈവര്‍ ആണെന്നും, മുസ്തഫയുമായി നടന്ന സംഭാഷണം മുഴുവന്‍ ഞങ്ങളെ അല്‍ മറായ് വരെ എത്തിക്കുന്നതിന്‍റെ ടാക്സി ചാര്‍ജ് നിശ്ചയിക്കുന്നതിനുള്ള വിലപേശലുകള്‍ ആണെന്നും ഊഹിച്ചെടുത്തു.

അദ്ദേഹത്തിന്‍റെ പ്രായാധിക്ക്യത്തെ പരിഗണിച്ചുകൊണ്ട് വലിയ വിലപേശലുകള്‍ക്ക് മുതിരാതെ ടാക്സിയുടെ അടുത്തേക്ക്‌ ഞങ്ങള്‍ നടന്നു. വളരെ ബുദ്ധിമുട്ടി ആണെങ്കിലും വഴികാട്ടിയായി നമ്മുടെ ഡ്രൈവറും നടക്കുന്നു. ഒരു ഓട്ടം കിട്ടിയ സന്തോഷത്തില്‍ അല്ലാഹുവിനു നന്ദി പറഞ്ഞുകൊണ്ട്..

നമ്മുടെ ഡ്രൈവറോട് ആദ്യം തോന്നിയത്‌ അളവറ്റ ബഹുമാനമാണ്. ഈ പ്രായത്തിലും സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദിക്കുന്ന വ്യക്തി. പക്ഷെ സൗദിയിലെ വാഹനങ്ങളുടെ വേഗതയെ കുറിച്ചും, ഡ്രൈവറുടെ പ്രായത്തെ കുറിച്ചും ഒരുമിച്ചു  ഓര്‍ത്തപ്പോള്‍ ടി ബഹുമാനമെല്ലാം ഒരു ഭയത്തിനു മുന്നില്‍ വഴിമാറി. ആ ഭയത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിരുന്നു ഞങ്ങള്‍ യാത്ര ചെയ്യേണ്ട ടാക്സിയുടെ അവസ്ഥ. സൗദിയിലെ സാധാരണക്കാരുടെ വാഹനമാണ് പിക് അപ്പ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്.എന്നാല്‍ ഇതിനു മുന്‍പ്‌ ഞാന്‍ വഴിയില്‍ വച്ച് കണ്ടിരുന്ന പിക് അപ്പുകളെക്കാള്‍ അതിദയനീയമായിരുന്നു നമ്മുടെ പിക് അപ് ടാക്സിയുടെ  അവസ്ഥ. എങ്കിലും ആ വാഹനത്തില്‍ തന്നെ യാത്ര ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

 


ഒന്ന് പ്രാര്‍ത്ഥിച്ചതിനു ശേഷം നമ്മുടെ ഡ്രൈവര്‍ വണ്ടിയെടുത്തു. വിചാരിച്ചത്ര പ്രശ്നമൊന്നും ഡ്രൈവിങ്ങിനു ഇല്ല.. പക്ഷെ ചെറിയൊരു കുഴപ്പമുണ്ട്. ആശാന്‍ ഒട്ടകത്തിനെ കണ്ടാല്‍ വണ്ടി ആ വശത്തേക്ക് ഒന്ന് പാളും. ഒട്ടകത്തിനെ അറബിയില്‍ പറയുന്ന ഒരു വാക്ക് (എനിക്കിതുവരെ മനസ്സിലായിട്ടില്ല), പുള്ളി ഉറക്കെ വിളിച്ചു പറയും.എന്നിട്ട് അതിനെ ചൂണ്ടി ഞങ്ങളെ നോക്കി ഉറക്കെ ചിരിക്കും. മുന്‍പ്‌ കുറെ ഒട്ടകങ്ങള്‍ ഉള്ള ഒരു മസറ നടത്തിയിരുന്ന ആളാകും ഈ ഡ്രൈവര്‍ എന്ന് തനി മലപ്പുറം ശൈലിയില്‍ മുസ്തഫ പറഞ്ഞപ്പോള്‍, പാളുന്ന വണ്ടിയില്‍ ഇരുന്നും ഞങ്ങള്‍ അറിയാതെ ചിരിച്ചുപോയി..

റോഡ്‌ നിയമങ്ങള്‍ തെറ്റിച്ച് മുന്നില്‍ വന്നു ചാടുന്ന എല്ലാ വണ്ടിക്കാരോടും നമ്മുടെ ഡ്രൈവര്‍ ശകാരവര്‍ഷം ചൊരിയുന്നുണ്ട്. അത് കേള്‍ക്കുന്നത് ഞങ്ങള്‍ മാത്രം ആണെന്നെയുള്ളൂ. അകന്നു പോകുന്ന വാഹനങ്ങളെ നോക്കി ആ പാവം എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നു. പരിഭാഷകള്‍ ലഭ്യമല്ലെങ്കിലും, പറയുന്നത് അസ്സല്‍ പുലഭ്യം തന്നെ ആണെന്ന് മനസ്സിലായി. അത്രയെങ്കിലും ഊഹിക്കാന്‍ ഭാഷയൊന്നും പഠിക്കേണ്ടല്ലോ..

അങ്ങിനെ അതിസാഹസികമായി തോന്നിയ ആ യാത്ര അല്‍ മറായ് ഗേറ്റിനു മുന്നില്‍ വന്നു അവസാനിച്ചു. കുറഞ്ഞത് മുക്കാല്‍ മണിക്കൂറെങ്കിലും ആവശ്യമായ ദൂരം വെറും 20 മിനിട്ടുകള്‍ കൊണ്ട് അദ്ദേഹം പിന്നിട്ടിരിക്കുന്നു. നല്ലൊരു അനുഭവം ലഭിച്ച സന്തോഷത്തില്‍ അദ്ദേഹത്തിന്‍റെ കുറച്ചു ഫോട്ടോയും എടുത്ത് ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ ലോകത്തേക്ക്.  അടുത്ത യാത്രക്കാരെയും തേടി അദ്ദേഹം അദ്ദേഹത്തിന്‍റെ വഴിക്കും.... പ്രായത്തിന്‍റെ പരാധീനതകളെ അതിജീവിച്ചുകൊണ്ട്...