Friday 25 March 2011

വര്‍ണ്ണങ്ങള്‍


അനുജത്തിയുടെ ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങി വരുമ്പോഴാണ് എന്‍റെ മുന്നില്‍ ഇരുന്നിരുന്ന ആ കുടുംബത്തെ ഞാന്‍ ശ്രദ്ധിച്ചത്..അച്ഛനും അമ്മയും ഒരു കൊച്ചു പയ്യന്‍സും.. അവന്‍ ആളൊരു കുറുമ്പനാണ്.. അച്ഛന്‍റെയും അമ്മയുടെയും മടിയില്‍ മാറിമാറി ഇരിക്കുന്നതിനായി വാശി പിടിച്ചുകൊണ്ടെയിരിക്കുന്നു... എന്‍റെ കുട്ടിക്കാലത്ത്‌ വീട്ടിലെ ഒരു പഴയ ടേപ്പ് റെക്കോര്‍ഡറില്‍ സ്ഥിരമായി കേള്‍പ്പിച്ചിരുന്ന എണ്‍പതുകളിലെ ചില നല്ല ഗാനങ്ങളും ഈ ദൃശ്യത്തിനു അകമ്പടിയായി എത്തിയതുകൊണ്ടാകാം,, ഞാന്‍ പെട്ടെന്ന് ആ ബാല്യത്തിലേക്ക് മനസ്സിനെ കൊണ്ടുപോയത്‌..
ബന്ധുക്കള്‍ക്കിടയില്‍ വളരെ പ്രസിദ്ധമായ എന്‍റെ ചില കുറുമ്പുകളെയും, ഇത്തരം യാത്രകളെയും എല്ലാം അപ്പോള്‍ ഓര്‍ത്തു... പലതും കൃത്യമായ ഓര്‍മ്മകള്‍ അല്ല.. പറഞ്ഞുകേട്ട പല കഥകളെയും ദൃശ്യവല്‍ക്കരിച്ചാണ് അവയെ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നത്.. ഉറങ്ങിക്കിടന്നിരുന്ന എന്‍റെ ഒരു അമ്മാവനെ ചുറ്റിക കൊണ്ട് തലക്കടിക്കാന്‍ പോയതും,, ഒരു സഞ്ചിയും കയ്യിലെടുത്ത് സങ്കല്‍പ ലോകത്തുള്ള എന്‍റെ കൂട്ടുകാരെയും വിളിച്ചുകൊണ്ട്  വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതും എല്ലാം അവയില്‍ ഉള്‍പ്പെടും... ഓര്‍ക്കുമ്പോള്‍ നല്ലൊരു ചിരിക്ക് വകുപ്പുള്ളവയാണ് പലതും...

ബസിലെ സംഗീതത്തില്‍ മുഴുകിക്കൊണ്ട്,, ഓര്‍മകളിലേക്ക് ആഴ്ന്നിറങ്ങുന്നതിനു ഇടയിലാണ് ഉറക്കെയുള്ള അവന്‍റെ കരച്ചില്‍... അവന്‍റെ അച്ഛനും അമ്മയും എത്ര ശ്രമിച്ചിട്ടും "നോ രക്ഷ"... ബസില്‍ ഉള്ളവര്‍ക്കെല്ലാം ഈ കരച്ചില്‍ വളരെ അസഹ്യമായി തോന്നുന്നുണ്ട്.. എല്ലാവരും അവനെത്തന്നെ നോക്കുന്നു.. ആ സമയത്താണ് ബസിനെ ഓവര്‍ ടേക്ക് ചെയ്ത് കാവടികള്‍ കയറ്റിയ ഒരു ടെമ്പോ കടന്നു പോയത്‌.. വര്‍ണാഭമായ ആ കാവടികളെ എനിക്ക് കളിക്കാന്‍ വാങ്ങിതരുമോ എന്ന് അച്ഛനോട് ചോദിക്കുന്നത് പോലെ കരച്ചില്‍ നിര്‍ത്തിക്കൊണ്ട് കുറച്ചു നേരം അവന്‍ എഴുന്നേറ്റു നിന്നു.. നല്ലൊരു ഫോട്ടോക്ക് പോസ് ചെയ്യുന്നത് പോലെ,, അകന്നു പോകുന്ന ആ കാവടികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് തന്‍റേതായ ഭാഷയില്‍ അവന്‍ എന്തൊക്കെയോ പറഞ്ഞു..
അതൊരുപക്ഷേ വര്‍ണങ്ങളെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ആകാം.. ആ കാവടികള്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍,, ഒരു നിമിഷം നിശബ്ദത... ചിന്താനിമഗ്നനായി ഒരു നിമിഷം... പിന്നീട് വീണ്ടും കരച്ചില്‍...
മുന്‍പത്തേക്കാള്‍ ഉച്ചത്തില്‍...
ഭാവിയിലേക്കുള്ള പരിശീലനം എന്നതുപോലെ,, നഷ്ടപ്പെടുന്ന വര്‍ണ്ണങ്ങളെ ഓര്‍ത്തുകൊണ്ടുള്ള സങ്കടപ്പെടല്‍....

3 comments:

  1. urangikedukkuna aamvane ennittu chutikakondu adicho..naal rasamundu kelkkan....u writing is excellent........God Bless you alwayzzzz

    ReplyDelete
  2. ഇല്ല... അപ്പോഴേക്കും അമ്മാവന്‍ എഴുന്നേറ്റു... :-)

    thank you...

    ReplyDelete